Monday, April 23, 2012

അക്ഷയ ത്രിതീയയെ വിമര്‍ശിക്കുന്നത് വിവരദോഷികളും അസൂയക്കാരും മാത്രം

കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയയ്ക്ക് അര ഗ്രാം സ്വര്‍ണം വാങ്ങിയതിന്റെ ഗുണഫലങ്ങള്‍ സ്വപ്നം കണ്ടതിനും അപ്പുറമായിരുന്നു. എന്തിനാണിതെക്കുറിച്ചു പറയുന്നതെന്നോ? ഈ വര്‍ഷത്തെ അക്ഷയ ത്രിതീയ അടുത്തു വന്നതോടെ അതിനെ വിമര്‍ശിച്ച് എത്രയേറെ പേരാണു രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. അവരുടെ വായടപ്പിക്കാന്‍ യഥാര്‍ത്ഥ സംഭവങ്ങള്‍ ലോകത്തെ അറിയിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പുറത്താണ് ഇവയെല്ലാം എഴുതാമെന്നു വെച്ചത്.
കഴിഞ്ഞ വര്‍ഷം അക്ഷയ ത്രിതീയ നാളില്‍ വളരെ തിരക്കുള്ള ഒരു കടയില്‍ പോയാണു ഞാന്‍ അര ഗ്രാമിന്റെ ഒരു സ്വര്‍ണ നാണയം വാങ്ങിയത്. എനിക്കു തന്നെ യാതൊരു വിശ്വാസവും ഇല്ലാതെയാണതു വാങ്ങിയത്. എങ്കിലും എല്ലാവരും പറയുന്നതല്ലേ, ഒന്നു വാങ്ങിക്കളയാം എന്നു കരുതി അര ഗ്രാം വാങ്ങുകയായിരുന്നു. അതു വരെ വീട്ടില്‍ ഒരു തരി സ്വര്‍ണം പോലും ഉണ്ടായിരുന്നില്ല. അത്ര ദയനീയ അവസ്ഥയായിരുന്നു അവിടെ.
അല്‍ഭുതമെന്നു പറയട്ടെ, മിക്കവാറും നിങ്ങള്‍ വിശ്വസിക്കില്ല. അക്ഷയ ത്രിതീയ നാളില്‍ ആരോടും പറയാതെ അല്‍പ്പം പണം കൊണ്ടു പോയി അര ഗ്രാം സ്വര്‍ണവുമായി വീട്ടില്‍ എത്തിയപ്പോഴുണ്ട്, ഭാര്യ ഒരു ഗ്രാമിന്റെ ഒരു തനി തങ്ക നാണയവുമായി വീട്ടിലേക്കു വരുന്നു. ഭാഗ്യം കടന്നു വരാന്‍ തുടങ്ങുകയാണെന്ന് അപ്പോഴും എനിക്കു മനസ്സിലായില്ലായിരുന്നു. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എനിക്ക് അന്നു തന്നെ അതിന്റെ ഇരട്ടി അളവില്‍ തനി തങ്കം കിട്ടുകയെന്നു പറഞ്ഞാല്‍ അനുഗ്രഹം തന്നെയല്ലേ? അന്നെനിക്കതിന്റെ ശക്തി മനസ്സിലാക്കാനായില്ല. പക്ഷേ, വീണ്ടും അനുഭവങ്ങള്‍ എന്നെ തേടിയെത്തി.
ഏതാണ്ട് ഒരു മാസം കഴിഞ്ഞ് ബാങ്ക് ലോക്കര്‍ തുറക്കാന്‍ പോയപ്പോള്‍ യാദൃശ്ചികമായി ബ്രാഞ്ച് മാനേജര്‍ വന്ന് എന്നോട് പറയുകയാണ്, ഇപ്പോള്‍ പണം കൊടുക്കാതെ സ്വര്‍ണ നാണയം വാങ്ങാനുള്ള പുതിയ പദ്ധതി അന്നു ലോഞ്ചു ചെയ്യുകയാണെന്ന്. ആദ്യ ദിനം തന്നെ ഞാന്‍ പത്തു പവന്റെ നാണയങ്ങള്‍ വാങ്ങാനുള്ള ഓര്‍ഡര്‍ നല്‍കി. നോക്കണേ, ഭാഗ്യം വന്ന വരവ്. അര പവനില്‍ നിന്ന് പതിനൊന്നര പവനിലേക്ക് വെറും ഒരു മാസം മാത്രം.
അങ്ങനെയിരിക്കുമ്പോഴാണ് ക്ളബ്ബിലേക്കു പോകും വഴി പ്രമുഖ ജുവല്ലറിയുടെ പുതിയ ബ്രാഞ്ചിനു മുന്നില്‍ കാര്‍ പാര്‍ക്കു ചെയ്യേണ്ടി വന്നത്. എന്തായാലും അവിടെ ഒന്നു കയറി നോക്കിയപ്പോള്‍ പുതിയ നിരവധി ഓഫറുകള്‍. സ്വിറ്റ്സര്‍ലണ്ടില്‍ നിന്നു കൊണ്ടു വന്ന കുറേ പുതിയ പീസുകളുണ്ടത്രേ. അതും വാങ്ങി കുറെയെണ്ണം. നോക്കൂ. അക്ഷയ ത്രിതീയ നാളില്‍ അര ഗ്രാം സ്വര്‍ണം വാങ്ങിയ എന്റെ വീട്ടില്‍ ഇപ്പോള്‍ എത്രത്തോളം സ്വര്‍ണമായി എന്ന്.
ഇതിനു മുന്‍പുള്ള രണ്ട് അക്ഷയ ത്രിതീയ നാളുകളിലും രാവിലെ തന്നെ കടയില്‍ പോയി സ്വര്‍ണം വാങ്ങിയപ്പോഴും എനിക്ക് ഇതേ പോലെ ഐശ്വര്യം
അടിവെച്ചടി വെച്ച് കയറുന്ന അനുഭവങ്ങളാണുണ്ടായത്. രണ്ടു വര്‍ഷം മുന്‍പ് അക്ഷയ ത്രിതീയ നാളില്‍ രണ്ടു പവന്‍ സ്വര്‍ണം വാങ്ങിയ എനിക്ക് സര്‍ക്കാര്‍ ലോട്ടറിയുടെ സ്വര്‍ണ സമ്മാനം തന്നെയാണു ലഭിച്ചത്. അക്ഷയ ത്രിതീയ നാളില്‍ സ്വര്‍ണം വാങ്ങാന്‍ എന്റെ അയല്‍വാസിയോടും അന്നു ഞാന്‍ പറഞ്ഞിരുന്നു. വിശ്വാസമില്ലാത്ത ആ കക്ഷി എന്നെ പരിഹസിച്ചു. കിട്ടേണ്ടതവനു കിട്ടുകയും ചെയ്തു. അവന്‍ ഒരു ലോട്ടറി ടിക്കറ്റെടുക്കാനായി പുറത്തിറങ്ങിയ ദിവസമാണ് ആ ലോട്ടറി വിവാദം ഉണ്ടാകുകയും കേരള സര്‍ക്കാര്‍ കുറെ ലോട്ടറികള്‍ നിര്‍ത്തലാക്കുകയും ചെയ്തത്.
എന്തായാലും അക്ഷയ ത്രിതീയയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച എനിക്ക് ഐശ്വര്യങ്ങളുടെ കാലം തന്നെയായിരുന്നു. സ്വര്‍ണ നാണയങ്ങള്‍ ഓരോ ദിവസവും എന്ന പോലെ വാരിക്കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് റിസര്‍വ്വ് ബാങ്കിന്റെ ലോട്ടറി എനിക്കു കിട്ടിയത്. സ്വര്‍ണ നാണയങ്ങള്‍ പണയം വെക്കാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചതോടെ ഇനി അവ തല്‍ക്കാലത്തേക്ക് എന്നെ വിട്ടു പോകില്ലെന്ന് ഉറപ്പായി. പണയം വെക്കാന്‍ ചെന്നാല്‍ ബാങ്കുകാരും ഫിനാന്‍സുകാരും എടുക്കില്ല. വില്‍ക്കാമെന്നു കരുതിയാല്‍ അതു വിറ്റവരാരും തിരിച്ചെടുക്കില്ല. വല്ല ജുവല്ലറിയിലും ചെന്നാല്‍ അവരതു മാറ്റി മാലയോ വളയോ അരഞ്ഞാണമോ ആക്കി തരും. പണിക്കൂലിയും കൈമാറ്റ കൂലിയും വാങ്ങമെന്നു മാത്രം. എന്തായാലും തല്‍ക്കാലം ഈ ഐശ്വര്യമെല്ലാം ഇനി എന്റെ കയ്യില്‍ തന്നെ ഇരിക്കും.
കഴിഞ്ഞ ദിവസം ഇവിടെ അടുത്തൊരിടത്തു കള്ളന്‍ കയറി. സേഫെല്ലാം പൊളിച്ചിട്ടും ആ കള്ളന്‍ അതിലുണ്ടായിരുന്ന സ്വര്‍ണ നാണയങ്ങളൊന്നും എടുത്തില്ലത്രേ. കാരണം, ഗൃഹനാഥന്‍ ത്രിതീയ നാളില്‍ വാങ്ങിയതായിരുന്നു അവയെല്ലാം. നല്ല നാള്‍ നോക്കാതെ വാങ്ങിയിരുന്ന ഒരു ചെറിയ മോതിരം അതിന്റെയെല്ലാം കൂട്ടത്തിലൂണ്ടായിരുന്നു. അതു മാത്രം കള്ളന്‍ എടുത്തു കൊണ്ടു പോയത്രെ. ഈ അനുഭവം അറിയുമ്പോഴെങ്കിലും ഈ അവിശ്വാസികള്‍ പഠിക്കുമോ ആവോ?
എന്തായാലും നാളെ രാവിലെ തന്നെ പത്തു കടകളില്‍ പോയി സ്വര്‍ണ നാണയങ്ങള്‍ വാങ്ങാന്‍ ഞാനും എന്റെ കുടുംബവും തയ്യാറായിരിക്കുകയാണ്. വിശ്വാസമുണ്ടെങ്കില്‍ നിങ്ങളും നാളെ രാവിലെ തന്നെ പോയി ഒരു സ്വര്‍ണ നാണയമെങ്കിലും വാങ്ങൂ. അതിന്റെ ഗുണം നിങ്ങള്‍ക്കും കുടുംബത്തിനും ലഭിക്കും.

Saturday, February 4, 2012

ഇന്‍ഷൂറന്‍സ് പുതുക്കല്‍ കഠിനമെന്നയ്യാ...

ഇന്‍ഷൂറന്‍സ് പുതുക്കല്‍ കഠിനമെന്നയ്യാ...
ഒരു മോട്ടോര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാന്‍ എത്ര ബുദ്ധിമുട്ടണം? പ്രശ്നങ്ങളൊന്നുമില്ലാത്ത റിന്യൂവല്‍ ആണെങ്കില്‍ ഒരു മിനിറ്റ് അല്ലെങ്കില്‍ ഒരു മൌസ് ക്ളിക്കിനുള്ള സമയം എന്നൊക്കെയാണോ നിങ്ങള്‍ വിശ്വസിക്കുന്നത്? ഞാനും അങ്ങനെയാണു കരുതിയിരുന്നത്. കഴിഞ്ഞ ദിവസം മോട്ടോര്‍ സൈക്കിള്‍ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ ദേശീയ ബോധമുള്ള പൊതു മേഖലാ കമ്പനിയുടെ കത്തു വന്നപ്പോള്‍ തുടങ്ങി പീഡനം അനുഭവിക്കല്‍. ദശലക്ഷക്കണക്കിനു വീര നായകര്‍ക്കു ഇരുചക്രവാഹനം വിറ്റഴിച്ചു മുന്നേറുന്ന കമ്പനിയുടെ ബൈക്കു തന്നെയാണ് ഇന്‍ഷൂറന്‍സ് പുതുക്കപ്പെടാനായിട്ടുള്ളത്. വാഹന നിര്‍മാതാക്കള്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ഇന്‍ഷൂറന്‍സ് പോളിസിയാണ് വാഹനം വാങ്ങിയപ്പോള്‍ എടുത്തിരുന്നത്. റിന്യൂവല്‍ നോട്ടീസ് ലഭിച്ചപ്പോള്‍ തന്നെ പ്രീമിയം അടച്ചേക്കാമെന്നു കരുതി അടക്കേണ്ട തുക എത്രയെന്നു നോക്കി. എങ്ങുമില്ല. ഇനി ഇതൊക്കെ കണക്കു കൂട്ടി എടുക്കുവാന്‍ എനിക്കെന്താ ഇന്‍ഷൂറന്‍സ് ഓഫിസിലാണോ പണി എന്നൊക്കെ ആലോചിച്ച് ആ കത്തിലുള്ള നമ്പറില്‍ വിളിച്ചു.
മോട്ടോര്‍ സൈക്കിള്‍ ഡീലറുടെ ഓഫിസിന്റെ നമ്പറായിരുന്നു അത്. നീണ്ട കാത്തിരിപ്പിനു ശേഷം 'ബന്ധപ്പെട്ട സെക് ഷനില്‍' ഫോണ്‍ ഘടിപ്പിച്ചു! ഇരുപതാം നൂറ്റാണ്ടില്‍ ടെലഫോണ്‍ എന്‍ക്വയറിയില്‍ വിളിക്കുമ്പോഴായിരുന്നു ഇത്രയേറെ വിരസത മുമ്പ് അനുഭവിച്ചിട്ടുള്ളത്. ഒടുവിലെത്തിയ കഠിനഭാഷിണി വാഹന ഉടമയുടെ പേരും നാളുമെല്ലാം ചോദിച്ചറിഞ്ഞ ശേഷം കല്‍പ്പിച്ചതെന്താണെന്നോ- നേരിട്ടു വരണം. അല്ല, ചെക്ക് അയച്ചാല്‍ പോരേ എന്നു ചോദിച്ചപ്പോള്‍ മറുപുറത്തു കേട്ടത് സൌജന്യമായി പോളിസി പുതുക്കി തരുമോ എന്നോ മറ്റോ ആണെന്നു തോന്നുന്നു. അല്ലെങ്കില്‍ ഇത്ര കഠിനമായി നേരിട്ടു വന്നേ തീരൂ എന്നു വീണ്ടും കല്‍പ്പിക്കില്ലായിരുന്നല്ലോ.
എന്തായാലും വാഹന ഇന്‍ഷൂറന്‍സ് കാലാവധി കഴിയും മുന്‍പ് അതു പുതുക്കേണ്ടതിനാല്‍ വാഹന ഡീലറുടെ ഓഫിസിലേക്കു നേരിട്ടു ചെന്നു. ഇന്‍ഷൂറന്‍സ് അടക്കുന്നതിനുള്ള കൌണ്ടര്‍ തേടിപ്പിടിച്ചു ചെന്നപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികള്‍ അവരിലാരുടേയോ ബന്ധു ആശുപത്രിയിലായപ്പോള്‍ ഉണ്ടായ ആനുഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു. അതു കഴിഞ്ഞപ്പോള്‍ എന്റെ റിന്യൂവല്‍ നോട്ടീസ് വാങ്ങി കീബോര്‍ഡില്‍ എന്തോ ഒക്കെ അമര്‍ത്താന്‍ തുടങ്ങി. പഴയ റോജ സിനിമയില്‍ എന്തോ രഹസ്യങ്ങള്‍ ഡീ കോഡ് ചെയ്യുന്ന സീനാണ് ഓര്‍മ്മ വന്നത്.
അതിനിടയില്‍ മറ്റൊരു ജോലിക്കാരന്‍ പയ്യന്‍ വന്നു. കക്ഷിയുടെ സ്മാര്‍ട്ട് ഫോണിലെ വീഡിയോ കാണാതിരിക്കുന്നതെങ്ങിനെ? ഇതിനിടയില്‍ ചെക്ക് പേയ്മെന്റ് നടത്താമോ എന്നൊക്കെ ചോദിച്ച് അവരെ ശല്യപ്പെടുത്തിയ എന്നെ എന്തു പേരിട്ടാണു വിളിക്കേണ്ടത്? എന്തായാലും ആറാമത്തെ തവണ ഇതേ ചോദ്യം ചോദിച്ചപ്പോള്‍ റിന്യൂവല്‍ നോട്ടീസ് വാങ്ങിയ ജീവനക്കാരി കരുണ കാട്ടി- എന്നെയൊന്നു നോക്കി.
എന്തായാലും എനിക്കൊരു മറുപടി തരൂ എന്നു പറഞ്ഞപ്പോള്‍-ഞങ്ങള്‍ കാഷ് മാത്രമേ വാങ്ങൂ എന്നായി. എന്തായാലും പണം തന്നേക്കാം. പക്ഷേ,
എന്താണു നിങ്ങള്‍ ചെക്ക് സ്വീകരിക്കാത്തത് എന്ന് എനിക്കു പറഞ്ഞു തരാന്‍ നിങ്ങള്‍ക്കു ബാധ്യതയുണ്ടെന്നു ശക്തമായി പറഞ്ഞപ്പോള്‍, മോട്ടോര്‍ ഇന്‍ഷൂറന്‍സ് അങ്ങനെയാണ് പണം മാത്രമേ സ്വീകരിക്കൂ എന്നായി. കാറടക്കം വീട്ടിലെ മറ്റു വാഹനങ്ങള്‍ക്ക് ഇതു വരെ ചെക്കാണല്ലോ നല്കുന്നത്. മാരുതിയുടെ ഡീലര്‍ കൃത്യമായി ചെക്കു സ്വീകരിച്ച് പോളിസി റിന്യൂ ചെയ്തു തരുന്നുമുണ്ടല്ലോ. ഇതെല്ലാം ചൂണ്ടിക്കാട്ടിയപ്പോള്‍, ഞങ്ങള്‍ എന്തായാലും ചെക്കു സ്വീകരിക്കില്ല എന്നായി കടും പിടുത്തം. 'ശരി, നിങ്ങള്‍ ചെക്കു സ്വീകരിക്കണമെന്നൊരു നിര്‍ദ്ദേശം നിങ്ങളുടെ സ്ഥാപനത്തിനു നല്‍കാന്‍ എനിക്കാഗ്രഹമുണ്ട്. അതിന് എന്താണു ചെയ്യേണ്ടത' എന്നു ചോദിച്ചപ്പോള്‍ പരിഹാസത്തോടെയുള്ള നോട്ടമായിരുന്നു മറുപടി കിട്ടിയത്.
'നിങ്ങള്‍ എന്തെങ്കിലും പ്രതികരിക്കൂ, എനിക്കു വേറെ പണിയൊന്നുമില്ലാഞ്ഞിട്ടല്ല നിങ്ങള്‍ക്കു മുന്നില്‍ ഈ നിര്‍ദ്ദേശം അവതരിപ്പിക്കുന്നത്' എന്ന് അല്‍പ്പം മുഖം കറുപ്പിച്ചു പറഞ്ഞപ്പോള്‍, 'ങാ, കേട്ടു' എന്നായി. കസ്റമറോട് എങ്ങനെ മോശമായി പെരുമാറാം എന്നു ലൈവ് ഡെമോ കാട്ടിക്കൊണ്ടിരുന്ന ആ പെണ്‍കുട്ടി ഒടുവില്‍ തന്റെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി. ഞങ്ങളോടു മുകളില്‍ നിന്നു പറയുന്നതല്ലേ ഞങ്ങള്‍ക്കു ചെയ്യാനാവൂ. അതു തന്നെയാണല്ലോ ഞാനും ആവശ്യപ്പെട്ടത്, എന്റെ നിര്‍ദ്ദേശം പരിഗണിക്കാന്‍ കഴിവുള്ള, അല്ലെങ്കില്‍ പരാതികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ആരെയെങ്കിലും കാണിച്ചു തരൂ എന്നായി ഈ പാവം കസ്റമര്‍.
'എടാ...' സ്നേഹപുരസ്സരമുള്ള കിളിക്കൊഞ്ചലോടെയാണെങ്കിലും ഈ കസ്റമറെ എടാ എന്നൊക്കെ വിളിക്കുന്നോ എന്നൊക്കെ ആലോചിച്ചു കൊണ്ടിരിക്കെ വീണ്ടും വന്നു എടാ വിളി. 'എടാ, ആ സിമിയെ ഒന്നു കാണിച്ചു കൊടുക്കടാ' എന്ന കൊഞ്ചല്‍ വീണ്ടും വന്നു. അപ്പോഴാണു മനസ്സിലായത്, സഹപ്രവര്‍ത്തകനോട് ആവശ്യപ്പെട്ടതായിരുന്നു അത്. സിമിയാണ് പരാതികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ ഉദ്യോഗസ്ഥ എന്നു തോന്നുന്നു. എന്തായാലും ആ എടന്‍ എന്നെ സിമിയുടെ അടുത്തേക്കല്ല, ക്യാഷ് കൌണ്ടറിലേക്കാണു കൊണ്ടു പോയത്. പണവുമടച്ച് പോളിസിയും വാങ്ങി ഞാനെന്തായാലും തിരിച്ചു പോന്നു. കാരണം വെറുമൊരു ഇന്‍ഷൂറന്‍സ് റിന്യൂവല്‍ പ്രീമിയം അടക്കാനായി അര ദിവസത്തെ ലീവും ആവശ്യത്തിലേറെ സമയവും ചെലവഴിച്ചു കഴിഞ്ഞു. ഇനി അവശേഷിക്കുന്ന സമയത്ത് മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാമല്ലോ.
ഇതൊക്കെ സ്വകാര്യ മേഖലയിലെ ഒരു ഓഫിസിന്റെ കാര്യം. അപ്പോള്‍ ഇതുമായി ബന്ധപ്പെട്ട പൊതുമേഖലാ ഇന്‍ഷൂറന്‍സ് കമ്പനിയുടെ പ്രതികരണം എങ്ങനെയാവുമെന്നറിയാന്‍ വിളിച്ചു നോക്കി. നാലു നമ്പറുകള്‍ തന്നിട്ടുണ്ട്. തുടര്‍ച്ചയായി വിളിച്ചപ്പോള്‍ ഒടുവില്‍ ഒരാളെ കിട്ടി. കക്ഷിക്ക് ഹിന്ദി മാത്രമേ അറിയൂ. ഒടുവില്‍ ഹോള്‍ഡു ചെയ്യിച്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ കട്ടായി. പിന്നെ നാലോ അഞ്ചോ തവണ വിളിച്ചിട്ടും ഒരു മറുപടിയുമില്ല.

ഗുണപാഠം: പൊതുമേഖലയായാലും സ്വകാര്യ മേഖലയായാലും ജോലിക്കെടുക്കുന്നവര്‍ക്കു നല്ല പരിശീലനം കൊടുത്തില്ലെങ്കില്‍ കസ്റമര്‍ക്കു
കഷ്ടകാലം തന്നെയായിരിക്കും.
മാര്‍ക്കറ്റ് ലീഡറീണെങ്കിലും ഇത്തരം അനുഭവങ്ങളാണു കസ്റമര്‍ക്കുണ്ടാകുന്നതെങ്കില്‍ അടുത്ത തവണ ഇതേ കമ്പനിയിലേക്കു വരാന്‍ രണ്ടല്ല, പത്തോ ഇരുപതോ തവണ ആലോചിക്കും.

Sunday, January 1, 2012

വീണ്ടും ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തേക്ക്

പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍‌ ഇത്തവണ ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തായിരുന്നു പോക്ക്. കുറെയേറെ നാളുകള്‍ക്കു ശേഷമാണ് വര്‍ഷപ്പിറവി ആഘോഷിക്കാന്‍ അങ്ങു പോകുന്നത്. ഫോര്‍ട്ട്‌കൊച്ചയിലെ ആ പഴയ മനോഹര കടല്‍ത്തീരത്തിനെ കടലെടുത്തു കൊണ്ടു പോയെങ്കിലും പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍‌ അര്‍ദ്ധരാത്രി കടപ്പുറത്തെത്തുന്ന കൊച്ചിക്കാരുടെ ആവേശത്തെ കവര്‍ന്നെടുക്കാന്‍‌ ആര്‍ക്കുമായിട്ടില്ല. ഉള്ള കടപ്പുറത്ത് ഓണം പോലെയോ ക്രിസ്മസ് പോലെയോ അല്ല, അതിനേക്കാളെല്ലാം ആവേശത്തോടെ നവവല്‍സരത്തിന്‍റെ വരവ് ആഘോഷിക്കാന്‍‌ അവര്‍ ഇന്നലെയും ഒഴുകി എത്തുന്നതു കാണാനായി. രാത്രി 12 മണിക്കുള്ള പപ്പാഞ്ഞി കരിക്കലിനു ശേഷം തിരിച്ചു സൗദി, തോപ്പും‌പടി, പള്ളൂരുത്തി എന്നിവിടങ്ങളീലൂടെ തിരിച്ചെത്തിയപ്പോള്‍‌ രണ്ടു മണി കഴിഞ്ഞു.
അതിനിടെ പാതിരാ കുര്‍ബാന നടക്കുന്ന സാന്താക്രൂസ് ബസലിക്ക വഴിയും പോയി. കുര്‍ബാനയ്ക്കൊന്നുമല്ല, വെറുതെ അതു വഴി പോയി എന്നു മാത്രം. പാതിരാകുര്‍ബാനയുടെ ഒരു രസം (എനിക്കു) കിട്ടുന്നത് ക്രിസ്മസിനും ഉയര്‍പ്പിനും മാത്രമാണ്.
"നീ എന്താണോ അതാവുക..........
നീ എന്താണോ അതായതിനു ശേഷം മാത്രം സ്വപ്നം കാണാന്‍‌ തുടങ്ങുക..."
കലാമിനേയും ലൂദര്‍ കിങിനേയും ബൈബിളിനേയും കോര്‍ത്തിണക്കി കുര്‍ബാന മധ്യേയുള്ള പാതിരിയുടെ പ്രസംഗം......രണ്ടോ മൂന്നോ മിനിറ്റു മാത്രമേ കേട്ടുള്ളൂ.
ഇപ്പോഴിതാ കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുത്തവരെ ആകാശവാണി കൊച്ചി എഫ്.എമ്മിലെ സുഹൃത്ത് ഇന്‍റര്‍‌വ്യൂ ചെയ്യുന്നു. ഒരു കാര്യം മറന്നു-ഫോര്‍ട്ട്‌കൊച്ചിയില്‍ കഴിഞ്ഞ ദിവസം ചൂണ്ടയിടല്‍‌ മല്‍സരവും ഉണ്ടായിരുന്നു. (കടലിലെ മീനുകളെ മാത്രം പിടിക്കാനായുള്ള ചൂണ്ടയിടലായിരുന്നു കേട്ടോ) എന്തായാലും അന്നു തമിഴ്നാട്ടിലായിരുന്നതിനാല്‍‌ സംഭവം കാണാനായില്ല.

ദു:ഖങ്ങളെ കരിച്ചകറ്റി പുതുവര്‍ഷത്തെ സ്വാഗതം ചെയ്യാം

പപ്പാഞ്ഞി കരിക്കല്‍ പശ്ചിമ കൊച്ചിയിലെ പുതുവല്‍സരാഘോഷങ്ങളിലെ ഒഴിവാക്കാനാവാത്ത ഒരിനമാണ്‌. ഒരു വര്‍ഷം കടന്നു പോകുമ്പോള്‍‌ ആ വര്‍ഷത്തിലെ ദുഖങ്ങളെയെല്ലാം അതോടൊപ്പം പറഞ്ഞയക്കുന്നതിന്‍റെ പ്രതീകമായാണ് പശ്ചിമ കൊച്ചിയില്‍‌ പപ്പാഞ്ഞിയെ കരിക്കുന്നത്. പശ്ചിമ കൊച്ചിയെന്ന പഴയ ആ കൊച്ചിയും എറണാകുളവും എല്ലാം ചേര്‍ന്ന് ഇമ്മിക്കി വലിയ കൊച്ചിയായപ്പോള്‍‌ ഈ പപ്പാഞ്ഞിയും ലോക പ്രസിദ്ധമായ സാന്താക്ലോസും പലര്‍ക്കും പരസ്പരം മാറിപ്പോകാന്‍‌ തുടങ്ങി. ക്രിസ്മസ് തലേന്ന് സമ്മാനവുമായി വരുന്ന സാന്താ അപ്പൂപ്പനെ എന്തിനാണീ നവവല്‍സരപ്പിറവി വേളയില്‍‌ അഗ്നിക്കിരയാക്കുന്നതെന്നു വരെ ചോദിക്കുന്ന പുത്തന്‍ കൊച്ചിക്കാരെ ഇപ്പോള്‍ കാണാം. സാന്താ അപ്പൂപ്പനെയല്ല, പപ്പാഞ്ഞിയെ ആണു തങ്ങള്‍‌ കത്തിക്കുന്നതെന്ന് മട്ടാഞ്ചേരിയും ഫോര്‍ട്ട്കൊച്ചിയും പള്ളുരുത്തിയും കണ്ണമാലിയും എല്ലാം അടങ്ങിയ പശ്ചിമകൊച്ചിക്കാര്‍ക്കറിയാം.
ഡിസംബര്‍ 31 ന് രാത്രി 12 മണിക്ക് പശ്ചിമ കൊച്ചിയിലെമ്പാടുമായി ആയിരക്കണക്കിനു പപ്പാഞ്ഞികളെ കരിക്കും. തികച്ചും അനൗപചാരികമായ കൂട്ടങ്ങള്‍ രാത്രി പന്ത്രണ്ടു മണിക്ക് പപ്പാഞ്ഞികളെ കരിച്ച് പുതു വര്‍ഷത്തെ സ്വാഗതം ചെയ്യും. ഈ പപ്പാഞ്ഞികള്‍ കത്തി തുടങ്ങിയ ശേഷമായിരിക്കും പശ്ചിമ കൊച്ചിക്കാര്‍‌ എല്ലാവരോടും ഹാപ്പി ന്യൂ ഇയര്‍ വിളിച്ചു കൂകുന്നത്. ഇരുന്നൂറു വര്‍ഷത്തിലേറ നീണ്ടു നിന്ന പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇഗ്ലീഷ് ആധിപത്യങ്ങളുടെ ബാക്കി പത്രവും പ്രാദേശിക സംസ്ക്കാരവും എല്ലാം കൂടിക്കലര്‍ന്നതാണീ വ്യത്യസ്ഥമായ ആഘോഷത്തിന്‍റെ അടിത്തറ.
ഫോര്‍ട്ടുകൊച്ചി കടപ്പുറമായിരുന്നു എന്നും പപ്പാഞ്ഞി കരിക്കലിന്‍റെ പ്രധാന കേന്ദ്രം. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആണും പെണ്ണൂം അര്‍ദ്ധരാത്രിയില്‍‌ അവിടെ തടിച്ചു കൂടുമായിരുന്നു. അതോടൊപ്പം ആയിരക്കണക്കിനു ചെറിയ പപ്പാഞ്ഞികള്‍‌ മറ്റു ഭാഗങ്ങളിലും കരിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫോര്‍ട്ട്കൊച്ചി ബീച്ച് കടലെടുത്തു പൊയ്ക്കൊണ്ടിരിക്കുകയാണല്ലോ. കടപ്പുറമില്ലാതെ എങ്ങനെ കടപ്പുറത്ത് പപ്പാഞ്ഞിയെ കരിക്കാന്‍? എങ്കിലും ലഭ്യമായ ചെറിയ പ്രദേശത്ത് ഇപ്പോഴും ഡിസംബര്‍ 31 നു രാത്രി 12 മണിക്കു പപ്പാഞ്ഞി കരിക്കല്‍‌ നടത്തുന്നു. ആയിരക്കണക്കിനു പേര്‍ ഇപ്പോഴും അതിനു സാക്ഷികളാകാന്‍‌ എത്തുന്നു. ഇത് ഇന്നലെ രാത്രി നടത്തിയ പപ്പാഞ്ഞി കരിക്കലിന്‍റെ ദൃശ്യങ്ങള്‍. വളരെ പഴയ ഒരു മൊബൈല്‍ ക്യാമറ ഉപയോഗിച്ചു ചിത്രീകരിച്ചതിന്‍റെ പ്രശ്നങ്ങള്‍‌ ഈ വീഡിയോവിലുണ്ട്.

Tuesday, October 18, 2011

പശ്ചിമ കൊച്ചിയിലെ രാത്രി ബസ് സൗകര്യം നിര്‍ത്തലാക്കരുത്

പശ്ചിമ കൊച്ചിയിലെ രാത്രി ബസ് സൗകര്യം നിര്‍ത്തലാക്കരുത്
കേരളത്തില്‍ പൊതു ഗതാഗത സംവിധാനം ആരംഭിച്ച കാലം മുതല്‍ക്കേ പശ്ചിമ കൊച്ചിയിലൂടെ 24‌ മണിക്കൂറും ലഭ്യമായിരുന്നു. എന്നാല്‍ വൈറ്റിലയില്‍ പുതിയ ബസ് സ്റ്റാന്‍റ് നിര്‍മിക്കുന്നതിന്‍റെ പേരില്‍ ഈ സൗകര്യങ്ങളെല്ലാം ഒറ്റയടിക്കു നിര്‍ത്തലാക്കുകയാണ്. മംഗലാപുരം മുതല്‍ കന്യാകുമാരി വരെയുള്ള കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി വഴിയാണ് പതിറ്റാണ്ടുകളായി സര്‍‌വീസ് നടത്തിക്കൊണ്ടിരുന്നത്. ഇതില്‍ പകല്‍ സമയത്തുള്ള ബസ്സുകള്‍ തോപ്പും‌പടി, എറണാകുളം വഴി സര്‍‌വീസ് നടത്താത്തത് ഗതാഗതക്കുരുക്കിന്‍റെ പേരിലാണെന്ന് വാദത്തിനു വേണ്ടിയെങ്കിലും സമ്മതിക്കാം. പകല്‍ സമയത്തെ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടിയില്‍ നിന്ന് കുണ്ടന്നൂര്‍ വഴി വൈറ്റിലയ്ക്കു സര്‍‌വീസ് നടത്തിയാല്‍ നഗരത്തിലെ ഗതാഗത കുരുക്കില്‍ പെടുകയില്ല, കെ.എസ്.ആര്‍.ടി.സി.ക്ക് ഇപ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുകയും ആകാം.
രാത്രി എട്ടു മണിക്കു ശേഷം ഇപ്പോള്‍ തോപ്പും‌പടി വഴിയുള്ള ബസ്സുകളൂം ഇനി മുതല്‍ വൈറ്റില വഴിയാക്കാനുള്ള തീരുമാനം പശ്ചിമ കൊച്ചിയിലെ ജനങ്ങള്‍ക്കുള്ള രാത്രി യാത്രാ സൗകര്യം എടുത്തു കളയലാകും. ഒരു റസിഡന്‍ഷ്യല്‍ ഏരിയയായി മാത്രം മാറുന്ന പശ്ചിമ കൊച്ചിക്കിതു വലിയ തിരിച്ചടിയായിരുക്കും. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, കുമ്പളങ്ങി, ചെല്ലാനം, കണ്ണമാലി, പെരുമ്പടപ്പ്, ഇടക്കൊച്ചി തുടങ്ങിയ മേഖലകളിലെ ജനങ്ങളെ ഇതു സാരമായി ബാധിക്കും. രാത്രി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി വഴി പോകാതെ നേരിട്ടു വൈറ്റിലയ്ക്കു പോകുന്നതു വഴി ലാഭിക്കാനാകുക പരമാവധി ഏഴോ എട്ടോ മിനിറ്റായിരിക്കും. ഇതില്‍ തന്നെ അരൂര്‍ കഴിഞ്ഞാല്‍ വൈറ്റിലയില്‍ മാത്രമേ ഈ ബസ്സുകള്‍ക്കു സ്റ്റോപ്പും ഉള്ളു.
ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മൂന്നു മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ഒന്നാമത്തെ മാര്‍ഗ്ഗം-തോപ്പും‌പടിയില്‍ നിന്ന് നാഷണല്‍ ഹൈവേ 49 വഴി (യുപി പാലം) കുണ്ടന്നൂരില്‍ നാഷണല്‍ ഹൈവേ 47 ല്‍ പ്രവേശിച്ച് വൈറ്റില ബസ് സ്റ്റാന്‍റില്‍ കയറുക. ഗതാഗതക്കുരുക്കിന്‍റെ പ്രശ്നമേയില്ല എന്നതും ബൈപ്പാസ് വഴി പോകുന്നതിന് ഏകദേശം തുല്യ ദൂരം മാത്രമേ വരികയുള്ളു എന്നതും ഇതിന്‍റെ ഗുണമാണ്. പശ്ചിമ കൊച്ചിക്കാര്‍ക്കു നിലവിലുള്ള രാത്രി യാത്രാ സൗകര്യം നഷ്ടമാകില്ല, ദീര്‍ഘദൂര യാത്രക്കാര്‍ക്കു സമയ നഷ്ടം ഉണ്ടാകില്ല,കെ.എസ്.ആര്‍.ടി.സിക്ക് യാത്രക്കാരെ നഷ്ടമാകുന്ന പുതിയ പരിഷ്ക്കാരം ഒഴിവാക്കാം എന്നീ ഗുണങ്ങളും ഇതിലൂടെ ലഭിക്കും. രണ്ടാമത്തെ മാര്‍ഗ്ഗം- രാത്രി സര്‍‌വ്വീസുകള്‍ തോപ്പും‌‌പടിയില്‍ നിന്നു നിലവിലെ രീതിയില്‍ എറണാകുളം ബസ് സ്റ്റാന്‍റില്‍ പോയ ശേഷം അവിടെ നിന്നു വൈറ്റില ബസ് സ്റ്റാന്‍റില്‍ പോകുക. മൂന്നാമതെ മാര്‍ഗ്ഗം- രാത്രി കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തോപ്പും‌പടി, എറണാകുളം വഴി നിലവിലെ രീതിയില്‍ സര്‍‌വീസ് നടത്തുക.
ഇതില്‍ ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലും പശ്ചിമ കൊച്ചിയില്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ള രാത്രി ബസ് സൗകര്യം നിലനിര്‍ത്താം. പുതിയ പരിഷ്ക്കാരങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ മുതല്‍ സ്വകാര്യ പാരലല്‍ സര്‍‌വ്വീസുകള്‍ തോപ്പും‌പടി വഴി സര്‍‌വ്വീസ് വര്‍ദ്ധിപ്പിച്ച കാര്യവും കെ.എസ്.ആര്‍.ടി.സി. പരിഗണിക്കണം. അതു വഴി ലാഭം കൂടുതല്‍ ലഭിക്കും എന്നതു കൊണ്ടാണല്ലോ സ്വകാര്യ സര്‍‌വ്വീസുകള്‍ അങ്ങോട്ടു പോകുന്നത്. മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള ഭാവിയിലേക്കുള്ള പദ്ധതികളില്‍ നിന്നു ആസൂത്രണ ഘട്ടത്തില്‍ തന്നെ പുറത്താക്കപ്പെട്ട പശ്ചിമ കൊച്ചിക്ക് നിലവിലുള്ള ഗതാഗത സൗകര്യങ്ങളെങ്കിലും നില നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന കാര്യം കൂടി ഇവിടെ പരിഗണിക്കണം.

Wednesday, September 28, 2011

ചിതറിയ ചില്ലുകള്‍ 2011 സെപ്റ്റംബര്‍ 24

ഡിക്സനെന്നും മാര്‍ട്ടിനെന്നും മാറി മാറി വിളിക്കപ്പെടുന്ന എന്‍റെ സുഹൃത്ത്........ എം.ഡി. പള്ളുരുത്തി എന്ന ഒരു പൊട്ട തൂലികാ നാമവും അവനുണ്ട്. കഴിഞ്ഞ ദിവസം മഹാനഗരത്തിന് അര കിലോമീറ്റര്‍ പോലും അകലെയല്ലാത്ത കുഗ്രാമത്തില്‍ പോയി തിരിച്ചു വന്ന രാത്രിയില്‍ ഞങ്ങള്‍ ഡിക്സനെ ഞെട്ടിച്ചു. മദ്യം ചേര്‍ക്കാതെയും കവിത കഴിക്കാം എന്നു രാജുവും ജയരാജുമെല്ലാം കൂടി കാട്ടിക്കൊടുത്തതിന്‍റെ ബാക്കി പത്രമാണിതെന്നു വേണമെങ്കില്‍ നമുക്കു സ്ഥാപിക്കാം.


എന്‍റെ ചങ്ങാതീ..
ഇന്നു രാവില്‍ നീ വിളമ്പിയ
വീഞ്ഞിന്‍റെ തുള്ളികളില്‍
നിറഞ്ഞൂറിയതെല്ലാം
സുഖദ സൗഹൃദത്തിന്‍റെ
അനര്‍ഘ നിമിഷങ്ങളെന്ന്
നിന്‍റെ കുചേല സുഹൃത്ത്
തിരിച്ചറിയുന്നതു പാപമാണോ?
ഇല്ലെന്നാണ്; എന്‍റെ
ദിനാന്ത്യകുറിപ്പില്‍ ഞാന്‍
കുത്തി വരച്ചിട്ടത്.
പൊറുത്താലും.
ഉപ്പില്‍ വെന്ത മാട്ടിറച്ചി
വൃത്താകാരത്തില്‍ മുറിച്ചെടുത്ത
തക്കാളിയും വെള്ളരിക്കയും.
ജ്യാമതീയ അളവു ശാസ്ത്രം
ഓര്‍മിപ്പിച്ചിരുന്നു.
എന്നെ, ശീതീകരിച്ചെടുത്ത
കേര ലഹരിയും അതിന്‍‌മേല്‍
വൈദേശിക ലഹരിയുടെ
വിലയാര്‍ന്ന മേമ്പൊടിയും
തൊട്ടുകൂട്ടാന്‍ കവിതയുടെ
കാമ്പുള്ള സ്വാദും
ഡിക്സന്‍റെ പൊട്ടക്കവിതകളുടെ
കല്ലുകടികളും.

അവര്‍ഹനാമെന്നിലെ കവിയെ
സൗഹൃദം കൊണ്ടു കയ്യൊപ്പിട്ട്
നിരൂപണ സുഖം തേച്ചു വെച്ച
സഹിതീ സദസ്സും.

മണ്‍സൂണിലെ കാവല്‍ക്കാരി
മക്കളാം നമ്മെ ചേര്‍ത്തു വെച്ച്
പാതിരാക്കിളികള്‍ക്കൊപ്പം പകര്‍ന്ന
മാതൃവാല്‍സല്യത്തിന്‍റെ
താരാട്ടുകളും മറക്കാനാവുമോ!


By Martin Dixon
( MD Palluruthy)

Wednesday, August 31, 2011

ഭീകരം ഈ ലാന്‍റിങ്

നമ്മുടെ വ്യോമയാന മേഖലയിലുള്ളവര്‍ക്ക് അല്‍‌പ്പം കൂടി പരിശീലനം നല്‍കേണ്ടതുണ്ടെന്നു തോന്നുന്നു. വളരെ പ്രതികൂല കാലാവസ്ഥയായിട്ടും ഇന്നലെ ഉച്ചയ്ക്കു കൊച്ചിയില്‍ വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയവര്‍ക്ക് എന്ത് അവാര്‍ഡാണു നല്‍കേണ്ടതെന്നാണ് ആലോചിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്കു ഹൈദരാബാദില്‍ നിന്നു പുറപ്പെട്ടപ്പോള്‍ തന്നെ കൊച്ചിയില്‍ കാലാവസ്ഥ പ്രതികൂലമാണെന്നു ക്യാപ്റ്റന്‍ അറിയിച്ചിരുന്നു. വിമാനം കൊച്ചിക്കടുത്തെത്തിയപ്പോള്‍ തന്നെ എയര്‍ പോക്കറ്റുകളില്‍ വീഴാനും തുടങ്ങി. (അപൂര്‍‌വ്വമായുള്ള വിമാന യാത്രകളില്‍ അതിലും അപൂര്‍‌വ്വമായി മാത്രം ഉണ്ടാകുന്ന എയര്‍പോക്കറ്റ് വീഴ്ച്കള്‍ ആസ്വദിക്കുന്ന കൂട്ടത്തിലാണു ഞാന്‍. പണ്ട് പവ്വര്‍ ഗ്ലൈഡിങിനു പോയപ്പോഴുണ്ടായതിന്‍റെ ചെറിയൊരു ഫീലിങ് ഒരു സെക്കന്‍റ് നേരത്തേക്കാണെങ്കിലും അനുഭവിക്കാമല്ലോ.) ഒന്നോ രണ്ടോ എയര്‍ പോക്കറ്റുകളില്‍ വീണ് അങ്ങനെ മുന്നേറുമ്പോഴാണ്, "കണ്‍‌ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരിക്കു..." എന്നു പൈലറ്റ് പറഞ്ഞ് തീര്‍ക്കും മുന്‍പ് തന്നെ വിമാനമങ്ങു താഴേക്കു വീഴും പോലെ. ഒരു എട്ടോ ഒന്‍പതോ എയര്‍ പോക്കറ്റുകളില്‍ ഒരുമിച്ചു വീണാല്‍ എങ്ങനെ ഇരിക്കും, അതു പോലെ. ഏതായാലും ഉടന്‍ തന്നെ സംഭവം നിയന്ത്രണ വിധേയമായി. അടുത്ത സീറ്റിലിരുന്ന ഹോളന്‍ഡുകാരായ ഭാര്യാഭര്‍ത്താക്കന്മാര്‍ കരച്ചിലിന്‍റെ വക്കിലെത്തി. ലണ്ടനില്‍ നിന്ന് വന്ന യുവതിയും അതേ നിലയില്‍ തന്നെയായി. കുട്ടികള്‍ നിര്‍ത്താതെ കരച്ചിലായി. അല്‍‌പ്പനേരത്തേക്കു വിട്ടു പോയ നിയന്ത്രണം തിരികെ ലഭിക്കാന്‍ ഏതാനും സെക്കണ്ടുകള്‍ കൂടി വൈകിയെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നു വിന്‍ഡോ മീറ്റില്‍ ഇരുന്നവര്‍ക്ക് കൃത്യമായി തന്നെ മനസ്സിലായി.
അല്‍‌പ്പ സമയം കൂടി ആടിയുലഞ്ഞ ശേഷം ഒന്നു രണ്ട് എയര്‍പോക്കറ്റുകളില്‍ കൂടി മാത്രം വീണ വിമാനം പത്തു മിനിറ്റിലേറെ വീണ്ടും മുകളില്‍ വട്ടമിട്ടു പറന്ന ശേഷം കൊച്ചിയില്‍ ഇറങ്ങി.
അമേരിക്കയില്‍ വെച്ച് ഒരിക്കല്‍ കൊടുങ്കാറ്റില്‍ പെട്ടപ്പോഴായിരുന്നു മുന്‍പൊരിക്കല്‍ സമാനമായ അനുഭവം ഉണ്ടായതെന്നായിരുന്നു ഒരു ടൂറിസ്റ്റിന്‍റെ പ്രതികരണം. നെടുമ്പാശ്ശേരിയില്‍ നൂറിലധികം തവണ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം ഒരനുഭവം ആദ്യം എന്ന് മറ്റു ചിലര്‍. ഇത്ര റിസ്ക്കായിരുന്നു എങ്കില്‍ എന്തിനു ലാന്‍റിങ് അനുവദിച്ചു എന്നായിരുന്നു പലരും ചോദിച്ചു കൊണ്ടിരുന്നത്. ഇന്നലെ കൊച്ചിയില്‍ ഇറങ്ങേണ്ടിയിരുന്ന പല ഫ്ലൈറ്റുകളും തിരുവനന്തപുരത്തേക്കും കോയമ്പത്തൂരിലേക്കും തിരിച്ചു വിട്ട സാഹചര്യത്തില്‍ എന്തിനായിരുന്നു ഈയൊരു വിമാനം റിസ്ക്കെടുത്തെ കൊച്ചിയില്‍ ഇറങ്ങാന്‍ അനുവദിച്ചത്? പ്രത്യേകിച്ചും ഒരപകടം ഉണ്ടായി 48‌ മണിക്കൂര്‍ പോലും കഴിയാത്ത സാഹചര്യത്തില്‍.
സര്‍‌വ്വീസുകള്‍ കൃത്യമായി നടത്തുന്നതിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് സുരക്ഷിതത്വത്തിനാണെന്ന് ആരെയെങ്കിലും പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടതുണ്ടോ?